Monday 14 January 2019

ജനുവരി 10 - 2018


ജനുവരി10-2018
*****************
മുല്ലമൊട്ട് വിടർന്നതില്ല
തേൻ തുളുമ്പും പാത്രമില്ല
വടിവുകാട്ടും മേനിയാകെ
കാമബാണം ഏറ്റതില്ല
കവിതയൂറും കണ്ണുമില്ല
ചുംബനപൂ ചുണ്ടുമില്ല
കാവുതീണ്ടും ചന്തമില്ല
കഥ പറയും കാട്ടുമല്ലി
മഞ്ഞുപോലെ ആർദ്രസാന്ദ്രം
കാറ്റിനോടും പൂവിനോടും
മീനിനോടും കൊഞ്ചിടുന്നു
കുതിരമേച്ച് മേടുതെണ്ടി
ശലഭമായി പാറിടുന്നു
വെയിലുചാഞ്ഞ നിഴലിനോട്
കളി പറഞ്ഞ ഉച്ചയൊന്നിൽ
നാട്ടു ചെന്നായ് കൂട്ടമോടെ
ദ്രംഷ്ടകാട്ടി പാഞ്ഞടുത്തു
കൂർത്തു മൂർത്ത പല്ലിറുക്കി
ആർത്തുകീറി പച്ചയോടെ
ചോര വാർന്നു നീരുവറ്റി
പ്രാണനിറ്റി നേർത്തു പോയി
ദൈവമില്ലാകോവിലിന്റെ
നടയിലല്ലോ കുരുതിപൂജ
കാട്ടുചെന്നായ് തോറ്റിടുന്ന
ക്രൗര്യമാർന്ന കിരാതവേട്ട
മാപ്പു നൽകൂ *ആസിഫാ നീ
മണ്ണിലിന്നും ജീവനോടെ
വാണിടുന്ന ഞങ്ങളോടും
നീയരഞ്ഞ നീ ചതഞ്ഞ
നീയലിഞ്ഞ മണ്ണിനോടും
കോവിൽ തോറും കെട്ടിയിട്ട
ദൈവമെന്ന തോന്നലോടും

*കത്വായിലെ ക്ഷേത്രത്തിനുള്ളിൽ വച്ച്  ക്രൂരമായി കൂട്ടബലാൽസംഗം  ചെയ്ത് കൊലപ്പെടുത്തിയ ഒൻപതു വയസ്സുകാരി പെൺകുട്ടി

സുനിത.പി.എം.
****************

എല്ലാം കണക്കാണേയ്


എല്ലാം കണക്കാണേയ്
**********************

അച്ഛന്റെ സന്തോഷങ്ങൾ ഇരട്ട സംഖ്യകളിലും
അമ്മയുടേത് ഒറ്റസംഖ്യകളിലും തങ്ങി നിന്നു
സങ്കടപ്പെരുമഴയിൽ ഒന്നിച്ചു നനഞ്ഞപ്പോൾ
എണ്ണൽ സംഖ്യകളുടെ ഗണത്തിൽ ചേർന്നു നിന്നു
ആദ്യത്തെ കൺമണിക്ക് ആദ്യാക്ഷരങ്ങൾ ചേർത്തു
രണ്ടാമത്തവൾക്ക് പേരില്ലാതെയലഞ്ഞു
സ്കൂളിൽ ചേർക്കാൻ നേരം
ജനന തിയ്യതിയും പേരും
ഉപ്പുമാവുപുരയിൽ നിന്ന് പൊന്തി വന്നു
ഇളയതുങ്ങൾക്ക് പേരും നാളും
പെരുവഴിയിൽ നിന്ന് കളത്തുകിട്ടി
അവരുടെ കുട്ടിക്കാലം അഭാജ്യ സംഖ്യകളായി
കാലമേറെച്ചെന്ന് വിഭാജ്യ സംഖ്യകളും
കണക്കുകൾ ദേദിച്ചുള്ള കയറ്റിറക്കങ്ങൾ
കിതച്ചും അണച്ചും കടന്നു കൂടി
അൻപതിൽ അസുഖം വന്ന് അമ്മ പൂർണ്ണ സംഖ്യയായി
എൺപതിൽ അച്ഛനിന്നും അപൂർണ്ണനായി
വർഗ്ഗങ്ങളും വർഗ്ഗമൂലങ്ങളും
സാമൂഹ്യ പ്രശ്നങ്ങൾ സൃഷ്ടിച്ചപ്പോൾ
നിൽക്കാനിടമില്ലാതെ ഗോളം പോലെ തിരിഞ്ഞ്
നേർരേഖയിൽ വിലയം കൊള്ളാനൊരുങ്ങവേ
വൃത്തചാപമായ എന്നിലേക്ക്
നിയതിയുടെ വൃത്തപാത നൈരന്തര്യമായ്
****************

Wednesday 9 January 2019

ക്യാമ്പില്‍


ക്യാമ്പിൽ...
**********

ഔസേപ്പും രാമുവും മുഹമ്മദും
ചോറു വയ്ക്കുന്ന തിരക്കിലാണ്
ബഷീറിന്റെ മനസ്സിലെ മുറിവിൽ
ഹരി മരുന്നൊപ്പുകയാണ്
കാണാതായ സീതയുടെ കുട്ടിക്ക്
മൈമുന താരാട്ടുപാടുന്നുണ്ട്
അള്ളായും ഈശോയും അയ്യപ്പനും
കൈകോർത്ത് മൂലക്കിരിപ്പുണ്ട്
മറ്റനേകം ദൈവങ്ങൾ
കുട്ടികൾക്കൊപ്പം
തീവണ്ടി കളിക്കുന്നു
പ്രളയത്തിന് ഒലിപ്പിച്ചു കളയാനാകാത്ത
നനുത്തുമിനുത്ത എന്തോ ഒന്ന്
സ്കൂൾ പടിപ്പുരയിൽ കാവൽ നിൽപ്പുണ്ട്
ഇനിയും വരാനിരിക്കുന്നവരെ കാത്ത്...

സുനിത.പി.എം. 
****************

പ്രളയം


പ്രളയം
*******

ഉടുത്തു മാറ്റാൻ ഇത്തിരി തുണി
ഒലിച്ചുപോയ സ്വപ്നങ്ങളുടെ ആധാരം
പഠിച്ചും പഠിപ്പിച്ചും നേടിയ
ഒലിച്ചുപോകാൻ കൂട്ടാക്കാത്ത
എന്തൊക്കെയോ
എന്നെ അള്ളി പിടിച്ചിരിക്കുന്നു
കെട്ടിയ മാറാപ്പിന്റെ കനം ഏറുകയാണ്
എങ്കിലും
ക്യാമ്പുവരെ ജീവിതം ഭാരമില്ലാതാവുന്നു
അതിനുമപ്പുറം ജീവിതം കനക്കുമെന്നുറപ്പ്
ഒലിച്ചുപോയ പലതും
ഉള്ളിൽ ചത്തു ജീർണ്ണിക്കുന്നുണ്ട്
ചുറ്റിലും കെട്ടി കിടക്കുന്ന
ശപിക്കപ്പെട്ട ജീവിതങ്ങൾ
ചിരിമറന്ന്.. തലകുനിച്ച്‌..
പ്രളയത്തേക്കാൾ ഭയാനകം
ജീവിതം തന്നെ

സുനിത.പി.എം.
****************

പണിമുടക്ക്



പണിമുടക്ക്
 ************
എല്ലാ ക്രമങ്ങളും തെറ്റിച്ച് ചില സ്വപ്നങ്ങൾ
രാത്രിയോ പകലോ എന്നില്ലാതെ വേട്ടയാടി കൊണ്ടിരിക്കും
മുറിവേറ്റ വാക്കും നോക്കും വിശ്വാസങ്ങളും
ആ സ്വപ്നത്തിന്റെ കൊടിക്കു പിന്നിൽ അണിനിരക്കും
മതിലും മലയും ഹർത്താലുകളുമായി
ഉദയവും അസ്തമയവും മറന്ന കിളികൾ
പകലുറക്കത്തിന്റെ സ്വപ്നത്തിലേക്ക് ചിറകുകുടഞ്ഞ്
വിത്തിനകത്തെ സുഷുപ്തിയെ വിളിച്ചുണർത്തും.
കുതിര കുളമ്പടിയേറ്റ് ചതഞ്ഞരഞ്ഞ ഒരു വാക്ക്
ഉറപ്പില്ലാത്ത ജീവിതത്തിന്നായി..
ഒരിറ്റു ജീവജലത്തിനായി നാക്കു നീട്ടും

സുനിത.പി.എം.
***************